ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്തുവന്നു. അതിര്‍ത്തി പ്രശ്നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെ ആവശ്യമില്ലെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് സാവോ ലിജിയാന്‍ ആണ് ഈക്കാര്യം അറിയിച്ചത്. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എങ്ങനെ പരിഹരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും സാവോ ലിജിയാന്‍ പറഞ്ഞു. ട്രംപിൻ്റെ വാഗ്ദാനത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആവശ്യമായ ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും ഈ പ്രശ്നം പരിഹരിക്കാനുള്ള സംവിധാനം നിലവില്‍ തങ്ങൾക്ക് ഉണ്ടെന്ന് സാവോ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യ ചൈന തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ട്രംപിൻ്റെ വാദത്തെ എതിര്‍ത്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരുന്നു.
content highlights: No need for third party intervention: China rejects Trump’s offer to mediate in border row with India