ചാരവൃത്തി; രണ്ട് പാക്കിസ്താൻ ഉദ്യോഗസ്ഥർ പിടിയിൽ, രാജ്യം വിടാൻ ഉത്തരവ്

India expels Pakistan embassy officials for 'espionage'

ചാരപ്രവര്‍ത്തനം നടത്തിയ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പിടികൂടിയതായി ഇന്ത്യ. ഇവരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതായും ഇന്ത്യൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. പാക് സ്ഥാനപതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം തീരുമാനമറിയിച്ചത്. ഹൈക്കമ്മിഷനിൽ വിസ വിഭാഗത്തിൽ ജോലിചെയ്യുന്ന ആബിദ് ഹുസൈൻ, മുഹമ്മദ് താഹിര്‍ ഖാന്‍ എന്നിവരാണ് ചാര പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പിടിയിലായത്.

പണവും ഐ ഫോണും നല്‍കി ഒരു ഇന്ത്യന്‍ പൗരനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഇന്ത്യ ഉന്നയിക്കുകയാണെന്നും അവരെ സമ്മര്‍ദ്ദത്തിലാക്കി കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കുകയാണെന്നും പാകിസ്താന്‍ പ്രതികരിച്ചു. നയതന്ത്രബന്ധം സംബന്ധിച്ച് വിയന്ന കണ്‍വെന്‍ഷൻ്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ലംഘിക്കുകയാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.

പിടികൂടിയ ഇവര്‍ ആദ്യം ഇന്ത്യക്കാരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. അതിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ അവര്‍ ഹാജാരാക്കി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പാകിസ്താന്‍ പൗരനാണെന്ന കാര്യം സമ്മതിച്ചത്. ഇതേ തുടര്‍ന്നാണ് ആബിദ് ഹുസൈന്‍, മുഹമ്മദ് താഹിര്‍ ഖാന്‍ എന്നിവരോട് രാജ്യം വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇവര്‍ കുറച്ച് കാലമായി ഡല്‍ഹി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

content highlights: India expels Pakistan embassy officials for ‘espionage’

LEAVE A REPLY

Please enter your comment!
Please enter your name here