ലോക്ക് ഡൗണിനെ തുടർന്ന് മാറ്റു രാജ്യങ്ങളിൽ കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്ന കേന്ദ്രത്തിൻ്റെ പ്രത്യേക പദ്ധതിയായ വന്ദേ ഭാരത് മിഷനിലൂടെ 1.07 ലക്ഷം ആളുകൾ ഇന്ത്യയിലേക്ക് തിരികെ എത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ട ഒഴിപ്പിക്കൽ ജൂൺ 13 ഓടുകൂടി അവസാനിക്കുന്നതോടെ മൂന്നാം ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകൾക്കായി കേന്ദ്രം ഒരുങ്ങികഴിഞ്ഞെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേയ് 7 നാണ് വന്ദേ ഭാരത് മിഷൻ ആദ്യ സർവീസുകൾ ആരംഭിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നായി 337 ആന്താരാഷ്ട്ര വിമാനങ്ങളിൽ 38,000 പേരെ ഇന്ത്യയിലെത്തിക്കാൻ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വന്ദേ ഭാരത് മിഷൻ്റെ ആദ്യ ഘട്ടമായ മേയ് 7 മുതൽ 15 വരെ 12 രാജ്യങ്ങളിൽ നിന്നായി 15,000 ആളുകളെ ഇന്ത്യയിലെത്തിച്ചു. രണ്ടാം ഘട്ടം ജൂൺ 13 വരെയാണ്. 103 വിമാനങ്ങളാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുന്നത്.
മേയ് 7 മുതൽ 454 വിമാനങ്ങളിലായി 1,07,123 ഇന്ത്യക്കാരെ എത്തിച്ചിട്ടുണ്ട്. ഇതിൽ 17,485 പേർ അതിഥി തൊഴിലാളികളാണ്. 11,511 വിദ്യാർത്ഥികളും 8,633 ജോലിക്കാരും ഉണ്ട്. ഇന്ത്യൻ അതിർത്തികളിലൂടെ നാട്ടിലെത്തിയത് 32,000 ഇന്ത്യക്കാരാണ്. മുൻഗണനാ ക്രമത്തിലാണ് ആളുകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഗർഭിണികൾ, പ്രായമായവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവർക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ട്.
content highlights: Over 1.07 Lakh Indians Returned To The Country After Vande Bharat Mission: Ministry