കൊവിഡ് മഹാമാരി പല രാജ്യങ്ങൾക്കും വലിയ വെല്ലുവിളിയാണെങ്കിലും ഇന്ത്യയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് വേഗത്തിലാക്കാൻ കിട്ടിയ അവസരമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം മോശമാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘തീർച്ചയായും കൊവിഡ് പല രാജ്യങ്ങളേയും വളരെ മോശമായി ബാധിച്ചിട്ടുണ്ട്. പക്ഷെ ഈ സാഹചര്യത്തിൽ അവസരങ്ങൾ കൂടി നമ്മൾ കണ്ടെത്തണം. ഉദാഹരണത്തിന് ഇന്ത്യയെ സംബന്ധിച്ച് പ്രാഥമിക ആരോഗ്യ സുരക്ഷയെ അടിസ്ഥാനപ്പെടുത്തിയുള്ള ആയുഷ്മാൻ ഭാരത് പദ്ധതി വളരെ വേഗത്തിലാക്കാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ കഴിയും. ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് നടപ്പിലാക്കുന്നതിനും പ്രാഥമിക ആരോഗ്യ സുരക്ഷയ്ക്കും വേണ്ടി ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും വളരെ ശക്തമായ പ്രതിബന്ധതയാണ് ഉണ്ടായിരുന്നതെന്ന് എനിക്കറിയാം’. അദ്ദേഹം പറഞ്ഞു
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് 2018 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്നത്. ഒരു കോടിയിലധികം ആളുകൾക്കാണ് ആയുഷ്മാൻ ഭാരതിലൂടെ നേട്ടമുണ്ടായതെന്ന് മോദി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പ്രതിവർഷം 500 ദശലക്ഷം ഗുണഭോക്താക്കളേയും 5,00,000 കുടുംബങ്ങളേയുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
content highlights: COVID-19 Could Be Opportunity For India To Speed Up Healthcare Scheme Ayushman Bharat: WHO Chief








