തൊഴിലില്ല; തൊഴുലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉത്തര്‍പ്രദേശിലെ ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍

ലക്ക്‌നൗ: രാജ്യ തലസ്ഥാനത്തിന് വെറും 150 കിലോമീറ്റര്‍ മാത്രം അകലമുള്ള ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ബിരുദ-ബിരുദാനന്തരധാരികളടക്കം ഇപ്പോള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായി നാട്ടിലേക്ക് തിരിച്ചെത്തിയ 30 ലക്ഷത്തോളം അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി തുണയായി. എന്നാല്‍ അതിലേറെ തൊഴിലിനെ ആശ്രയിച്ചത് സംസ്ഥാനത്തെ ബിരുദ-ബിരുദാനന്തരധാരികളായിരുന്നു.

ലോക്ക്ഡൗണിനു മുമ്പ് ഉന്നത വിദ്യാഭ്യാസത്തിന് യോജിച്ച ജോലി ഉണ്ടായിരുന്ന പലര്‍ക്കും ലോക്ക്ഡൗണിന് ശേഷം ജോലി നഷ്ടമാവുകയായിരുന്നു. അതിനാല്‍ തന്നെ, കുഴിയെടുക്കുന്നതിനും, റോഡ് വൃത്തിയാക്കുന്നതിനും, അവര്‍ തയാറാവുകയായിരുന്നു. ലോക്ക്ഡൗണിന് മുമ്പ് 20 തൊഴിലാളികള്‍ മാത്രം ഉണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ നൂറിലധികം തൊഴിലാളികളാണ് ദിനംപ്രതി ജോലി ചെയ്യുന്നത്.

സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന 30 ലക്ഷം തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കുമെന്ന് യോഗി സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിലെ 14 കോടിയോളം ജനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാര്‍ഡ് കൈവശമുണ്ട്. എന്നാല്‍, 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് ഈ വര്‍ഷം 2.8 ലക്ഷം രൂപയോളം ആവശ്യമായി വരും. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 35 ലക്ഷത്തോളം പേരാണ് ഏപ്രില്‍ 1 മുതല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ”ആത്മ നിര്‍ഭാര ഭാരത് അഭിയാന്‍” പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെയും അവസാനത്തെയുമുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍, എംജിഎന്‍ആര്‍ജിഎയ്ക്ക് കീഴില്‍ 40,000 കോടി രൂപ അധികമായി അനുവദിച്ചിരുന്നു, ബജറ്റ് എസ്റ്റിമേറ്റിന് മുകളിലായി 60,000 കോടി രൂപ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കുമെന്നും അറിയിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി വ്യക്തിഗത ദിനങ്ങള്‍ സൃഷ്ടിക്കാന്‍ അധിക ഫണ്ടുകള്‍ സഹായിക്കുമെന്നും സീതാരാമന്‍ പറഞ്ഞു.

Content Highlight: Unemployed UP Graduates Who Earned “Decent Money” Now Look For MGNREGA Work