ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രമേ കൊവിഡ് ചികിത്സ ലഭ്യമാകൂ എന്ന് അരവിന്ദ് കെജരിവാൾ

Delhi govt, private hospitals to be reserved for residents only: Arvind Kejriwal

ഡൽഹി സർക്കാരിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഇനി മുതൽ ഡൽഹി നിവാസികൾക്ക് മാത്രമേ കൊവിഡ് ചികിത്സ ലഭ്യമാകൂ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. സ്പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ലഭ്യമാകുകയുള്ളു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിൽ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായ രീതിയിൽ വർദ്ധിച്ചതിനെ തുടർന്നാണ് സർക്കാരിന് കീഴിലെയും സ്വകാര്യ ആശുപത്രികളിലേയും ചികിത്സ ഡൽഹി നിവാസികൾക്ക് വേണ്ടി മാത്രമായി പ്രയോജനപെടുത്തിയത്. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ ഉണ്ടായേക്കാമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ജുലൈ പകുതിയോടു കൂടി 42000 ത്തോളം കിടക്കകൾ ആവശ്യമായി വരുമെന്നും അവർ വ്യക്തമാക്കി.

നിലവിൽ ഡൽഹിയിൽ 25000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ഇരട്ടിക്കുന്ന സമയം 14 മുതൽ 15 ദിവസമാണ് ഇതിനർത്ഥം ജൂൺ പകുതിയോടെ 50000 കേസുകളും മാസാവസാനം ആകുന്നതോടെ ഒരു ലക്ഷത്തിലധികം കേസുകളും ഉണ്ടാകും . ഇവരിൽ 20 മുതൽ 25 ശതമാനം വരെ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്ന കണക്കു നോക്കുകയാണെങ്കിൽ ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമായി വരുമെന്നാണ് അഞ്ചംഗ സമിതി ചെയർമാൻ ഡോ. മഹേഷ് വര്‍മ്മ വ്യക്തമാക്കിയത്.

Content Highlights; Delhi govt, private hospitals to be reserved for residents only: Arvind Kejriwal