അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്നും അതിർത്തിയിൽ സമാധാനത്തിനായി സൈനിക നയതന്ത്ര നീക്കങ്ങൾ തുടരുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷം തീർക്കുന്നതിനായി ഇന്നലെ മാരത്തൺ ചർച്ചയാണ് ഇന്ത്യയും, ചൈനയും തമ്മിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിൻ്റെയും അടിസ്ഥാനത്തിൽ തർക്കം പരിഹരിക്കാനാണ് തീരുമാനം.
ലഫ്റ്റനൻ്റ് ജനറൽ ഹരീന്ദർ സിംഗിൻ്റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ ഉൾപെടുന്ന സംഘമാണ് ചർച്ചയ്ക്കായി ചൈനീസ് മേഖലയിലെ മോൾഡോയിലെത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല. അതിർത്തി തർക്കം വഷളാക്കുന്ന രീതിയിൽ കൂടുതൽ നടപടികൾ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേന കമാൻഡർമാർ നടത്തിയ ചർച്ചയിയിൽ ധാരണയായിരുന്നു. പ്രശ്ന പരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെങ്കിലും അതിലേക്കുള്ള ആദ്യ പടിയാണിതെന്നും സേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ചർച്ചകളെ ബാധിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തരുതെന്ന് കരസേന ആവശ്യപെട്ടിട്ടുണ്ട്.
Content Highlights; India-China standoff: Both sides agreed to peacefully resolve situation in border areas