ന്യൂഡല്‍ഹി: ചെറിയ തോതില്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് എല്ലാ കൂടിക്കാഴ്ച്ചകളും മുഖ്യമന്ത്രി റദ്ദാക്കി. ഞായറാഴ്ച്ച മുതല്‍ ശാരീരിക അസ്വസ്തതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകാനുള്ള തീരുമാനം.
കൊവിഡ് ലക്ഷണങ്ങളായി കരുതപ്പെടുന്ന പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തോട് നിരീക്ഷണത്തില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചദ്ദ പറഞ്ഞു. കൊവിഡില്‍ നിന്ന് ഡല്‍ഹിയെ രക്ഷിക്കാന്‍ മുന്‍ പന്തിയില്‍ നിന്ന് പോരാടിയ വ്യക്തിയിരുന്നു കെജ്‌രിവാളെന്ന് അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന് ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് നിരവധി നേതാക്കല്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച്ച വളരെ ചുരുങ്ങിയ പത്ര സമ്മേളനമാണ് അദ്ദേഹം നടത്തിയത്. കൊവിഡ് ലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ അതിര്‍ത്തികള്‍ തുറന്നാല്‍ മറ്റ് സംസ്ഥാനത്ത് നിന്നുള്ള രോഗികളെകൊണ്ട് ആശുപത്രികള്‍ നിറയുമെന്നും, അവര്‍ക്കായി കേന്ദ്രത്തിന് കീഴിലുള്ള ആശുപത്രകള്‍ സജ്ജമാക്കുമെന്നും അറിയിച്ചിരുന്നു.
1000ത്തോളം കൊവിഡ് കേസുകളാണ് ദിനം പ്രതി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 27,600 കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനത്തോച് കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.
Content Highlight: Delhi CM Aravind Kejriwal kept in self quarantine as find Covid symptoms