മദ്യ വില്‍പ്പന കുറയുന്നു; ബെവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും തിരിച്ചടിയായി ബെവ്ക്യൂ ആപ്പ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ തുറക്കാമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചാ വിഷയമായത് ബെവ്ക്യൂ ആപ്പ് ആയിരുന്നു. മദ്യശാലകളില്‍ ജനതിരക്ക് കുറക്കാന്‍ കൊണ്ടുവന്ന ആപ്പ് മദ്യശാലകളുടെ കച്ചവടം ഇല്ലാതാക്കുന്നതായാണ് പരാതി. കണ്‍സ്യൂമര്‍ഫെഡിനും ബിവറേജസ് കോര്‍പൊറേഷനുമാണ് ആപ്പ് വന്‍ തിരിച്ചടിയായത്. ടോക്കണുകള്‍ ഭൂരിപക്ഷവും ബാറുകളിലേക്ക് ആയതോടെ വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞതായതാണ് റിപ്പോര്‍ട്ട്.

കൊവിഡ് കാലത്തെ ദൂരയാത്രാ നിയന്ത്രണത്തിന്റെ ഭാഗമായാണ് പിന്‍കോഡ് അടിസ്ഥാനമാക്കി അടുത്തുള്ള മദ്യശാലകള്‍ തെരഞ്ഞെടുക്കാന്‍ അപ്പ് വികസിപ്പിച്ച ഫെയര്‍കോഡ് സംവിധാനമൊരുക്കിയത്. ഇതാണ് ബാറുകളെ കൂടുതലാളുകള്‍ ആശ്രയിക്കാന്‍ കാരണമായത്. നിലവില്‍ ബെവ്‌കോയുടെ വില്‍പ്പനശാലകളുടെ ഇരട്ടി ബാറുകള്‍ കേരളത്തിലുണ്ട്.

ലോക്ക്ഡൗണിനു മുമ്പ് 35 കോടിയോളം വരുമാനമുണ്ടായിരുന്ന ബെവ്‌കോക്ക് ഇപ്പോള്‍ 15 കോടി മാത്രമാണ് വില്‍പ്പന. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ ബെവ് ക്യൂ ആപ്പ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Content Highlight: BevQ app become challenge for Bevco and Consumer fed