ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്

congress raises questions to prime minister modi over india stand off

ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ പ്രദേശത്തേക്ക് ആരും ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ടാണെന്നും പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ നിന്നും ഇത് ഒഴിവാക്കിയത് എന്തിനാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. ആരും നുഴഞ്ഞു കയറിയില്ല എങ്കിൽ 20 സൈനികർ വീര മൃത്യു വരിച്ചത് എങ്ങനെയാണെന്നും, 85 പേർക്ക് പരിക്ക് ഏൽക്കുകയും 10 പേർ ചൈനയുടെ പിടിയിൽ ആയത് എങ്ങനെയാണെന്നും കോൺ​ഗ്രസ് ചോദിച്ചു.

അതിർത്തിക്കപ്പുറത്തേക്ക് കടന്നു കയറ്റം ഉണ്ടായിട്ടില്ലെന്നായിരുന്നി പ്രധാന മന്ത്രി കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ചൈനീസ് സേന അതിർത്തിക്കിപ്പുറത്തേക്ക് കൈയ്യേറ്റത്തിന് ശ്രമിച്ചു എന്നാണ് അതിനു മുമ്പ് വിദേശ കാര്യമന്ത്രാലയം പറഞ്ഞത്. ഇതോടെ ചൈനയെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചൈന കൈയ്യേറിയില്ലെങ്കിൽ ഇന്ത്യൻ സൈനികർ എങ്ങനെ മരിച്ചെന്നും എവിടെയാണ് അവർ മരിച്ചതെന്ന കാര്യങ്ങളെല്ലാം വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപെട്ടിരുന്നു.

പ്രധാന മന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇന്ത്യയുടെ പ്രദേശം നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വെച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിയുടെ പരാമർശം പ്രതിപക്ഷം വളച്ചൊടിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യൻ മണ്ണ് ലക്ഷ്യം വച്ചവർക്ക് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്ത് ചൈന ചില നിർമ്മാണപ്രവർത്തനത്തിന് ശ്രമിച്ചെന്നും കടന്നുകയറ്റം നടന്നില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് സൈനികരുടെ ധീരത ചൂണ്ടിക്കാട്ടിയാണ് എന്നും പിഎംഒ പറഞ്ഞു.

മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണെന്നും അതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണമെന്നും, ചൈനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

Content Highlights; congress raises questions to prime minister modi over india stand off