ചൈനീസ് ആപ്പുകളുടെ നിരോധനം; ഇന്ത്യക്കെതിരെ വിമർശനവുമായി ചൈന

'Correct Your Mistake': Beijing Fumes After India Puts Ban On 47 More Chinese Apps

47 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധനം ഏർപെടുത്തിയ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി ചൈന രംഗത്തെത്തി. ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും, ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ മനപൂർവ്വമുള്ള കൈകടത്തലാണെന്നും ചൈന വ്യക്തമാക്കി. ചൈനീസ് ബിസിനസ്സ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ചൈന പറഞ്ഞു.

ജൂൺ 29 നാണ് ചൈനീസ് പശ്ചാത്തലമുള്ള വിചാറ്റ് ഉൾപെടെയുള്ള 59 മൊബൈൽ ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചത്. അത് ചൈനീസ് കമ്പനികളുടെ നിയമ പ്രകാരമുള്ള അവകാശങ്ങളെയും താല്പര്യങ്ങളെയും സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച നടപടി തെറ്റാണെന്നും നടപടികൾ തിരുത്തണമെന്ന് ആവശ്യപെട്ടിട്ടുള്ളതായും, ഇതിനായി ഇന്ത്യക്ക് ഔപചാരികമായി ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും ചൈനീസ് എംബസി വക്താവ് കൌൺസിലർ ജി റോങ് അറിയിച്ചു.

വിദേശ രാജ്യങ്ങളുമായി സഹകരിക്കുമ്പോൾ അന്താരാഷ്ട്ര നിയമങ്ങളും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ചൈനീസ് സംരഭങ്ങളോട് സർക്കാർ ആവശ്യപെടാറുണ്ടെന്നുള്ള കാര്യവും അവർ ആവർത്തിച്ചു. വിപണി സിദ്ധാന്തങ്ങൾക്കനുസരിച്ച് ചൈനീസ് ബിസിനസ്സുകൾ ഉൾപെടെ ഇന്ത്യയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കേണ്ട ചുമതല ഇന്ത്യക്കുണ്ട്. മാത്രവുമല്ല ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രായോഗിക സഹകരണം രണ്ട് കൂട്ടർക്കും ഗുണകരമായ ഒന്നാണ്. എന്നാൽ ഇത്തരം സഹകരണത്തിൽ മനപൂർവമായ ഇടപെടലുകൾ നടത്തുന്നത് ഇന്ത്യൻ പക്ഷത്തിൻ്റെ താൽപര്യങ്ങൾ നിറവേറ്റുകയില്ലെന്നും അവർ മുന്നറിപ്പ് നൽകി.

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് ഉൾപെടെയുള്ള 59 ആപ്പുകളാണ് ജൂണിൽ രാജ്യത്ത് നിരോധിച്ചത്. ആദ്യഘട്ടത്തിൽ നിരോധിച്ച ആപ്പുകളുടെ ഭാഗമായി ടിക്ക് ടോക്ക്, ഹെലോ ലൈറ്റ് തുടങ്ങിയ 47 ചൈനീസ് ആപ്പുകൾക്കാണ് ഇപ്പോൾ നിരോധനം ഏർപെടുത്തിയത്. ദേശിയ സുരക്ഷാ ലംഘനം, സ്വകാര്യത, എന്നിവയുമായി ബന്ധപെട്ട് ജനപ്രിയ ഗെയ്മിങ് ആപ്പായ പബ്ജിയുൾപെടെ 250 ആപ്പുകളും ഇപ്പോൾ നിരീക്ഷണത്തിലാണ്.

Content Highlights; ‘Correct Your Mistake’: Beijing Fumes After India Puts Ban On 47 More Chinese Apps