വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്; ആയുധധാരിയെ വെടിവെയ്ച്ച് വീഴ്ത്തി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്പ്. നിമിഷ നേരം കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയുധധാരിയെ വെടിവെച്ച് വീഴ്ത്തുകയും വൈറ്റ് ഹൗസ് വളയുകയും ചെയ്തു.

വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രസിഡന്റിനെ വിവരം അറിയിച്ചത്. അപ്പോള്‍ ത്‌നനെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ആയുധധാരിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വെടിവെച്ചയാള്‍ ആയുധധാരിയാണെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ വെടിവെപ്പ് സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ട്രംപ് തയാറായില്ല.

സംഭവത്തില്‍ സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച അദ്ദേഹം, ഇവരുടെ അടുത്ത് താന്‍ സുരക്ഷിതനാണെന്നും, ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഇവര്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

Content Highlight: Shooting Outside White House while President on Media briefing