2036 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യ 25 ശതമാനമായി വർധിക്കുമെന്ന് ദേശീയ ജനസംഖ്യ കമ്മീഷൻ റിപ്പോർട്ട്. നഗരങ്ങളിൽ ജനംസംഖ്യയുടെ 70 ശതമാനം വർധനവ് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം ജനസംഖ്യ 152 കോടിയായി വർധിക്കുമെന്നാണ് ജനസംഖ്യ പ്രവചന റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രകാരം ജനസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന ചെെനയെ ഇന്ത്യ 2031ഓടുകൂടി മറികടക്കാൻ സാധ്യയുണ്ടെന്നാണ് കണ്ടെത്തൽ. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121 കോടിയായിരുന്നു. ഇത് 2036 ഓടുകൂടി 31.1 കോടിയുടെ വർധനവ് രേഖപ്പെടുത്തും.
ഈ വർധനവിൻ്റെ 70 ശതമാനവും നഗരങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. 2011ലെ നഗരങ്ങളിലെ ജനസംഖ്യ 37.7 കോടി ആയിരുന്നെങ്കിൽ ഇത് 2036 ആകുമ്പോഴേക്കും 59.4 കോടിയായി വർധിക്കും. 57 ശതമാനം വർധനവാണിത്. 2011 ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 31 ശതമാനമാണ് നഗരങ്ങളിൽ താമസിച്ചിരുന്നതെങ്കിൽ 2036 ആകുമ്പോൾ അത് 39 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നഗരത്തിലെ ജനസംഖ്യ ഇപ്പോൾ 98 ശതമാനമാണ്. ഇത് 2036 ഓടുകൂടി 100 ശതമാനം ആകും. അതേസമയം ഗ്രാമങ്ങളിലെ ജനസംഖ്യ 69 ശതമാനത്തിൽ നിന്ന് 61 ആയി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്, കേരളം. മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ നഗരത്തിലെ ജനസംഖ്യയിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. കേരളത്തിൽ 2011ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 52 ശതമാനമായിരുന്നുവെങ്കിൽ 2036 ൽ 92 ശതമാനമായി വർധിക്കുമെന്നാണ് റിപ്പോർട്ട്.
content highlights: India’s Population Will Be 1.52 Billion by 2036, With 70% of Increase in Urban Areas