അമ്മയുള്‍പ്പെടെയുള്ള എല്ലാ സ്ത്രീകള്‍ക്കും നന്ദി; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കമല ഹാരിസ്

വാഷിങ്ടണ്‍: തന്റെ അമ്മ ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാത്ത അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞതില്‍ അമ്മയടക്കമുള്ള എല്ലാ സ്ത്രീകള്‍ക്കും നന്ദിയറിയിച്ച് കമലാ ഹാരിസ്. വൈസ് പ്രസിഡന് സ്ഥാനാര്‍ത്ഥിത്വം ഒദ്യോഗികമായി ഏറ്റെടുക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയത്. എല്ലാ വിഭാഗക്കാരെയും അവരുടെ പോരാട്ടങ്ങളെയും അനുകമ്പയോടെ കാണുന്നതിനും അതിനെക്കുറിച്ച് അറിവുള്ളവളുമായി പൊതു സേവനത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് അമ്മയാണെന്ന് കമലാ ഹാരിസ് പറഞ്ഞു.

ജോ ബൈഡന്റെ ജന്മ നാടായ വില്‍മിങ്ടണില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും ഒപ്പം ദയയും സ്‌നേഹവും മനുഷ്യത്ത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അഭിപ്രായപ്പെട്ടു. ജോ ബൈഡന്‍ എല്ലാവരെയും ഒന്നിച്ച് നിര്‍ത്തുന്ന നേതാവായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കമല വോട്ട് അഭ്യര്‍ത്ഥിച്ചത്.

വംശീയതക്കെതിരെയുള്ള പ്രസംഗങ്ങളാണ് കമല നടത്തിയത്. വൈറസ് പടരുന്ന ഈ സാഹര്യത്തില്‍ നമുക്ക് സത്യസന്ധരായിരിക്കാമെന്നും കമല കൂട്ടിച്ചേര്‍ത്തു. വംശീയതക്കെതിരായി ഒരു വാക്‌സിനും നിലവിലില്ലെന്നും അതുകൊണ്ട് തന്നെ വംശീയത ഇല്ലാതാക്കാനായി അമേരിക്കക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ചരിത്രത്തിന്റെ ഗതി മാറ്റാനുള്ള ഒരു അവസരമായാണ് കമല തന്റെ സ്ഥാനാര്‍ത്തിത്വത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഒരു പ്രധാന പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജ കൂടിയാണ് കമലാ ഹാരിസ്. തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

Content Highlight: Kamala Harris Officially nominated as Vice President candidate