പാര്‍ട്ടി പേജുകള്‍ ബ്ലോക്ക് ചെയ്തു; ഫേസ്ബുക്കിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തെന്ന് പരാതി. വിഷയം ചൂണ്ടികാട്ടി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. ബിജെപിയെ സഹായിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്നാണ് വിമര്‍ശനം.

ബിജെപിയെ ഫേസ്ബുക്ക് കൈയയച്ച് സഹായിച്ചെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയുമായെത്തിയത്. പൊതു തെരഞ്ഞെടുപ്പിലും, ഡല്‍ഹി കലാപത്തിലെ വിദ്വേഷ പ്രചാരണത്തിലും ഫേബുക്ക് ബിജെപിയെ സഹായിച്ചെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. ഇത് സംബന്ധിച്ച വിവാദം പാര്‍ലമെന്റിലെ ഐടി വിഭാഗം ഇന്ന് പരിഗണിക്കും.

കൂടാതെ, രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഫെബ്രുവരി 2019 മുതല്‍ കഴിഞ്ഞ 18 മാസത്തോളം സാമൂഹ്യ പ്രശ്നങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നിവയ്ക്കായി 4.61 കോടി രൂപയാണ് ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതേ കാലയളവില്‍ 1.84 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും സാമൂഹ്യ മാധ്യമ ഭീമന്റെ ചെലവുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Trinamool Congress against Facebook