മുംബൈ: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്തായതോടെ നടി റിയ ചക്രവര്‍ത്തിക്ക് മേലുള്ള കുരുക്ക് മുറുകുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് റിയയുടെ വീട്ടിലും നടന് സുശാന്തിന്റെ മാനേജറായിരുന്ന സാമുവല്‍ മിറാന്‍ഡയുടെ വീട്ടിലും നാര്‍ക്കോട്ടിക്സ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് റിയയുടെ സഹോദരന് ഷൊവിക്കിനെയും മിറാന്‍ഡയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ റിയയും പ്രതികൂട്ടിലാകുമെന്നാണ് സൂചന.
നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്ന് റിയയെ ചോദ്യം ചെയ്യും. സാമുവല്‍ മിറാന്ഡയില് നിന്ന് റിയയുടെ ആവശ്യ പ്രകാരം സുശാന്തിന് വേണ്ടി ലഹരി മരുന്ന് വാങ്ങിയിരുന്നതായി ഷൊവിക്ക് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മിറാന്‍ഡയും ഇക്കാര്യം അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. മിറാന്‍ഡയെയും ഷൊവിക്കിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസില്‍ ദൃക്സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നതെന്ന് മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് അഭിപ്രായപ്പെട്ടു. റിയയാണ് സുശാന്തിന് മയക്കു മരുന്ന് നല്‍കിയതെന്ന് കസ്റ്റഡിയിലെടുത്തവരുടെ മൊഴിയിലൂടെ വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ 5 പേരാണ് കസ്റ്റഡിയിലായത്. ഇവരില്‍ രണ്ടുപേരെ നിലവില്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.
Content Highlight: Susanth Singh Death, Rhea on blame