അഹമ്മദാബാദ് ‘മിനി പാകിസ്താനെന്ന്’ സഞ്ജയ് റാവുത്ത്; മാപ്പ് പറയണമെന്ന് ബിജെപി

ഗാന്ധിനഗര്‍: അഹമ്മദാബാദിനെ ‘മിനി പാകിസ്താന്‍’ എന്ന് പരാമര്‍ശിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് മാപ്പ് പറയണമെന്ന് ഗുജറാത്ത് ബിജെപി നേതൃത്വം. വിവാദ പരാമര്‍ശത്തില്‍ സഞ്ജയ് റാവുത്തിനെതിരെ പാര്‍ട്ടി വക്താവ് പ്രസ്താവനയിറക്കി. നടി കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് റാവുത്ത് അഹമ്മദാബാദിനെ മിനി പാകിസ്താനെന്ന് വിശേഷിപ്പിച്ചത്.

ബോളിവുഡ് താരം കങ്കണ റണാവത്തുമായി നടന്ന പരസ്യ വാക്ക് തര്‍ക്കത്തിനിടെയാണ് സഞ്ജയ് റാവുത്ത് അഹമ്മദാബാദിനെ കുറിച്ച് വിവാദ പരാമര്‍ശം ഉയര്‍ത്തിയത്. മുംബൈ, പാക് അധീന കശ്മീരിന് തുല്യമാണെന്ന കങ്കണയുടെ ട്വീറ്റിന് പിന്നാലെ ശിവസേന നേതാവുമായി വന്‍ വാക്‌പോരാണുണ്ടായത്. ഇതിന് മറുപടിയായാണ് അഹമ്മദാബാദിനെ മിനി പാകിസ്താനായി വിശേഷിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളി റാവുത്ത് നടത്തിയത്.

562 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചാണ് സര്‍ദാര്‍ രാജ്യത്തെ ശക്തിപ്പെടുത്തിയെന്നും, ജുനാഗദിനെയും ഹൈദരാബാദിനെയും തന്റെ രാഷ്ട്രീയ ധൈര്യത്തിലൂടെ ഇന്ത്യയില്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചെന്നും ബിജെപി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 കശ്മീരില്‍ നിന്ന് നീക്കം ചെയ്ത് ഇന്ത്യയില്‍ കശ്മീര്‍ സംയോജിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഗുജറാത്തിലെ നരേന്ദ്രഭായ് മോദിയും അമിത്ഭായ് ഷായുമാണ് നിറവേറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, രാജ്യത്തിന്റെ ഐക്യത്തിലും സമഗ്രതയിലും ഗുജറാത്തിന്റെ സംഭാവന ഓര്‍മ്മിക്കേണ്ടതാണെന്നും പാണ്ഡ്യ പ്രസ്താവനയില്‍ പറഞ്ഞു.

സഞ്ജയ് റാവുത്ത് ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന പ്രത്യേക ഉദ്ധേശത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, ഗുജറാത്തിനോടും, അഹമ്മദാബാദിനോടും, ഇവിടുത്തെ ജനങ്ങളോടും അദ്ദേഹം മാപ്പ് പറയണമെന്നും പാണ്ഡ്യ ആവശ്യപ്പെട്ടു.

Content Highlight: Sanjay Raut called Ahmedabad mini Pakistan, must apologise: BJP