ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും പേരിലും ഒന്നിച്ചു. വോഡാഫോണ്‍, ഐഡിയ എന്ന രണ്ട് വലിയ നെറ്റ് വര്‍ക്കുകളുടെ സേവനമാണ് ഒറ്റ കുടക്കീഴില്‍ ‘വി’ (Vi) എന്ന് പേരിലേക്ക് മാറ്റി നല്‍കാന്‍ കമ്പനി ഒരുങ്ങുന്നത്. ടെലികോം മേഖലയിലുണ്ടായ കടബാധ്യതയ്ക്ക് ശേഷം വിപണിയില്‍ മത്സരം വര്‍ദ്ധിച്ചതോടെയാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കമ്പനി തയാറായതെന്ന് വോഡാഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടര്‍ സിഇഒ രവീന്‍ദര്‍ തക്കാര്‍ പറഞ്ഞു.
പേര് മാറ്റിയതോടെ പുതിയൊരു തുടക്കത്തിനാണ് കമ്പനി വഴിതെളിച്ചിരിക്കുന്നതെന്ന് തക്കാര്‍ പറഞ്ഞു. വോഡാഫോണ്‍-ഐഡിയയുടെ ചുരുക്കപ്പേരാണ് ‘വി’ എന്നും, ഈ വാക്ക് കൊണ്ട് ‘നമ്മള്‍’ (we) എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വി ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുവായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018ലാണ് വോഡാഫോണിന്റെ ഇന്ത്യന്‍ സേവനദാതാക്കള്‍ ഐഡിയയുമായി കൈകോര്‍ത്തത്. ഇതുവരെ രണ്ട് കമ്പനികളായി തന്നെ തുടര്‍ന്ന സേവനദാതാക്കളാണ് ഇപ്പോള്‍ ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ടെലികോം സേവനദാതാക്കള്‍ തങ്ങളുടെ എജിആര്‍ കുടിശ്ശിക 10 വര്‍ഷത്തിനുള്ളില്‍ അടച്ച് തീര്‍ക്കണമെന്ന സുപ്രീംകോടതി വിധി കഴിഞ്ഞയാഴ്ച്ച വന്നതോടെ തങ്ങളുടെ സേവനം ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് വോഡാഫോണ്‍-ഐഡിയ.
Content Highlight: Vodafone, Idea Brands Now “Vi”: CEO Ravinder Takkar