അതിർത്തിയിൽ വെടിവയ്പ്പ്; സ്ഥിതി ഗുരുതരം, നിയന്ത്രണ രേഖ മറികടന്ന് വെടിയുതിർത്തെന്ന് ചെെന

Indian troops fired warning shots at LAC, claims China

ഇന്ത്യ-ചെെന അതിർത്തിയിൽ വീണ്ടും സംഘർഷം. ഇന്ത്യൻ സെെന്യം നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്ന് ചെെന ആരോപിച്ചു. ഇന്ത്യൻ സെെനത്തിൻ്റേയും പീപ്പിൾസ് ലിബറേഷൻ ആർമിയുടേയും സാന്നിധ്യത്തിൽ വെടിവെയ്പ്പ് നടന്നതായി ചെെനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.  

പാഗോങ് തടാകത്തിൻ്റെ തെക്കൻ തീരത്തുള്ള ഷെൻപാനോ പർവ്വതത്തിൽ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറൻ മേഖല കമാൻഡിൻ്റെ വക്താവ് കേണൽ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു.  അതേസമയം അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴാണ് മുന്നറിയിപ്പ് നൽകിയതെന്നും ആകാശത്തേക്കാണ് വെടിവെച്ചതെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   

ഇന്ത്യ- ചെെന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവയ്പ്പ് ഉണ്ടായെന്ന ആരോപണം ഉയരുന്നത്. നേരത്തെ ഗാൽവാൻ സംഘർഷം ഉണ്ടായപ്പോഴും ഇരു വിഭാഗങ്ങളും തോക്ക് ഉപയോഗിച്ചിരുന്നില്ല. അതിർത്തി സംഘർഷം പരിഹരിക്കാൻ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്ങും ചെെനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിലുള്ള ചർച്ചയിൽ ധാരണയായ ശേഷവും ചെെന പ്രകോപനം തുടരുകയാണ്. അരുണാചൽ പ്രദേശിൽ നിന്നുള്ള 5 പേരെ ചെെന തട്ടിക്കൊണ്ടുപോയെന്നുള്ള വിവരം കൂടി പുറത്തുവന്നതോടെ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. 

content highlights: Indian troops fired warning shots at LAC, claims China