കമല ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാകുന്നത് രാജ്യത്തിന് അപമാനം: ട്രംപ്

നോര്‍ത്ത് കരോളിന: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് അവരെ ഇഷ്ടമല്ലെന്നും, അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസ് വരുന്നത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നുമാണ് ട്രംപ് പറഞ്ഞത്. ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചാല്‍, അത് ചൈന ജയിക്കുന്നതിന് തുല്യമാണെന്നും നോര്‍ത്ത് കരോളിനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ലോക ചരിത്രത്തില്‍ തന്നെ വളരെ വലിയൊരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ അമേരിക്ക വിജയിച്ചതായും എന്നാല്‍ ചൈനയില്‍ നിന്ന് വൈറസ് പടര്‍ന്നതോടെ അത് നിശ്ചലമായിയെന്നും ട്രംപ് പറഞ്ഞു. തുടര്‍ന്നും സമ്പദ് വ്യവസ്ഥ കരുപ്പിടിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞു. ചൈനയും, അമേരിക്കയുടെ മറ്റ് എതിരാളികളും ബൈഡന്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതിന് കാരണം, അദ്ദേഹത്തിന്റെ ഭരണം അമേരിക്കയുടെ പതനമാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും ട്രംപ് വിമര്‍ശിച്ചു.

റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണയും ട്രംപ് തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. ജോ ബൈഡനാണ് ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: Kamala Harris Becoming First Woman President Will Be Insult To US: Trump