ഇന്ത്യയിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചുകൊണ്ടിരുന്ന കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി വെച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലും ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തി വെക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം താല്‍കാലികമായി നിര്‍ത്തി വെക്കാനുള്ള തീരുമാനം.

ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ മുന്നോട്ട് പോകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളിലെല്ലാം പരീക്ഷണം നിര്‍ത്തി വെച്ചതിനാല്‍ സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ 17 നഗരങ്ങളിലായാണ് കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്.

ഇതിന് പിന്നാലെ ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി.ജി.സി.ഐ. ഡോ. വി.ജി. സോമാനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.

Content Highlight: Serum Institute To Pause Vaccine Trials In India After Drug Controller’s Notice