സസ്‌പെന്‍ഷന്‍ നിശബ്ദരാക്കില്ല, കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമെന്ന് എളമരം കരീം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഐഎം എം.പി എളമരം കരീം. സസ്‌പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്നും, കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും എം പി ട്വിറ്ററിലൂടെ പ്രതികരിച്ചു. പാര്‍ലമെന്റില്‍ നിന്ന് പ്രതിപക്ഷ എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ബിജെപിയുടെ ഭീരുത്വത്തെയാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ നിന്നുള്ള എം പിമാരായ കെ കെ രാഗേഷ്, എളമരം കരീം, എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ബിജെപി എം പിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് പ്രതിപക്ഷ എം പിമാര്‍ക്കെതിരെ നടപടിയെടുത്തത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ സസ്‌പെന്‍ഷനായുള്ള പ്രമേയം അവതരിപ്പിച്ചു. ഓരാഴ്ച്ചത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.

രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് എംപിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം ഉന്നയിച്ചത്. കൂടാതെ, ബില്‍ കീറിയെറിഞ്ഞും എംപിമാര്‍ പ്രതിഷേധിച്ചു.

Content Highlight: Elamaram Kareem slams BJP on suspending MPs