ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും

ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ കുരുക്കിലായ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യും. ബെംഗളൂരു ലഹരി മരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. ശാന്തി നഗരിലെ ഇഡി ഓഫീസില്‍ ചൊവ്വാഴ്ച്ച ഹാജരാവാനാണ് ബിനീഷിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം, അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് അനൂപിനെ ഇഡിയും അന്വേഷണ സംഘവും വിശദമായി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ബിനീഷ് കോടിയേരിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlight: ED will question Bineesh Kodiyeri on drug case