ഹത്രാസിലെ നടപടി യുപി സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു; യോഗിക്കെതിരെ ഉമാ ഭാരതി

ന്യൂഡല്‍ഹി: ഹത്രാസിലെ കുടുംബത്തിന് നേരെയുള്ള പൊലീസിന്റെ നടപടി യുപി സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി മുതിര്‍ന്ന ബിജെപി നേതാവ് ഉമ ഭാരതി. രാജ്യവ്യാപകമായി ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഉമ ഭാരതിയുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പ്രതിപക്ഷത്തേയും യുവതിയുടെ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നും അവര്‍ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ യോഗീ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് പറഞ്ഞ ഉമ ഭാരതി, സംഭവത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയ പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ച് വിടണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

രാമരാജ്യം വരുമെന്ന് അവകാശപ്പെട്ട് രാമക്ഷേത്രത്തിന് തറക്കല്ലിട്ട സന്ദര്‍ഭത്തില്‍ യുപിയില്‍ നടത്തിയ പൊലീസ് ഇടപെടല്‍ സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു. എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ തടങ്കലില്‍ ആക്കിയിരിക്കുന്ന നടപടി അന്വേഷണത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും ഉമ ഭാരതി വിമര്‍ശിച്ചു.

വിഷയത്തിലെ വിമര്‍ശനമുന്നയിച്ച് കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഉമ ഭാരതി ഒമ്പത് ട്വീറ്റുകളാണ് ചെയ്തത്.

Content Highlight: Uma Bharti against Yogi on Hathras isue