ലോകത്ത് പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

One in 10 worldwide may have had a virus, WHO says

ലോകത്തിലെ ആകെ ജനസംഖ്യയിൽ പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ലോകാരോഗ്യ സംഘടന സ്വിറ്റ്സർലൻ്റിൽ ചേർന്ന യോഗത്തിലാണ് ലോകത്തിൽ പത്ത് പേരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന വിലയിരുത്തലിൽ എത്തിയത്. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. മഹാമാരിയോടുള്ള ലോകത്തിൻ്റെ പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ലോകാരോഗ്യ സംഘടന യോഗം ചേർന്നത്. 

ഇതുവരെ മൂന്നര കോടി ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്. എന്നാൽ ഇതിൽ കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. 80 കോടിയോളം ജനങ്ങൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 10 ലക്ഷത്തിലധികം പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗ വ്യാപനം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഇന്ത്യയിലാണ്. 

കൊവിഡ് ലോകത്താകെ വ്യാപിച്ചിട്ട് പത്തുമാസമായി. യൂറോപ്പിലെ പല രാജ്യങ്ങളിലും രോഗത്തിൻ്റെ രണ്ടാം വ്യാപനം നടക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

content highlights: One in 10 worldwide may have had a virus, WHO says