വിജയ് സേതുപതിയ്ക്കെതിരെ സെെബർ ആക്രമണം; മുത്തയ്യ മുരളീധരൻ്റെ ബയോപിക് ബാൻ ചെയ്യണമെന്ന് ആവശ്യം

cyberattack against actor Vijay Sethupathi on the film about Muttiah Muralitharan

ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെയ്യുന്ന ‘800’ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ നടൻ വിജയ് സേതുപതിയ്ക്കെതിരെ സെെബർ ആക്രമണം. തമിഴ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ ഒരു തമിഴൻ എന്ന നിലയിൽ വിജയ് സേതുപതി അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെെബർ ആക്രമണം.

ഷെയിം ഓൺ വിജയ് സേതുപതി എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിലൂടെ നടനെതിരെ പ്രചാരണം നടത്തുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ഇന്ത്യയിൽ സിനിമ ചെയ്യാൻ പറ്റുമോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നുണ്ട്. അതേസമയം നടൻ്റെ ആരാധകരും ക്രിക്കറ്റ് താരങ്ങളും പ്രതിഷേധത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുത്തയ്യ ഒരു ശ്രീലങ്കൻ എന്നതിലുപരി ലോകമെമ്പാടും ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരാളായ വിജയ് സേതുപതിയെ ഇത്തരത്തിൽ ആക്രമിക്കരുതെന്നും സിനിമ തെരഞ്ഞെടുക്കുന്നത് കലാകാരൻ്റെ സ്വാതന്ത്ര്യം ആണെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിച്ചു. 

കഴിഞ്ഞ ദിവസമാണ് മുത്തയ്യ മുരളീധരൻ്റെ ബയോപികായ 800 എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. വിജയ് സേതുപതി മുത്തയ്യ മുരളീധരനായി എത്തുന്ന ചിത്രത്തിൽ ലങ്കൻ ആഭ്യന്തര യുദ്ധവും മുരളിയുടെ കുട്ടിക്കാലവും പശ്ചാത്തലമാക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരൻ്റെ 800 വിക്കറ്റ് നേട്ടമാണ് ചിത്രത്തിന് 800 എന്ന പേര് നല്‍കാന്‍ കാരണം. ഡര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീപതി രംഗസ്വാമിയാണ് എഴുതി സംവിധാനം ചെയ്യുന്നത്.

content highlights: cyberattack against actor Vijay Sethupathi on the film about Muttiah Muralitharan