വിജയ്, വിജയ് സേതുപതി ചിത്രം ‘മാസ്റ്റർ’ തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Vijay film Master gets a release date

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് നായകനായ മാസ്റ്റര്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന മാസ്റ്റർ ജനുവരി 13ന് തീയറ്ററുകളിലെത്തും. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ്‌യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ഒടിടി റിലീസിനായി അനേകം ഓഫറുകളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് ‘മാസ്റ്റർ’ തീയറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിർമാതാവ് സേവ്യർ ബ്രിട്ടോ നേരത്തെ വ്യക്തമാക്കിയിരുന്നു. തിയറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി കഴിഞ്ഞ ദിവസം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയേയും സന്ദർശിച്ചിരുന്നു. കേരളത്തിൽ ട്രാവൻകൂർ ഏരിയയിൽ മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയിൽ ഫോർച്യൂൺ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.

content highlights: Vijay film Master gets a release date