ഇന്ധനവിലയില്‍ പ്രതിഷേധം; സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. നടൻ വിജയ് വോട്ട് നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

നടൻ സൂര്യയും ശിവകാർത്തികേയനും ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകനും ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി. നേരത്തെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്.

രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് ചെയ്യാനെത്തി. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.

content highlights: Actor Vijay came to the polling booth on his bicycle in Chennai