മാസ്റ്റർ തിയറ്ററുകളിലേക്ക്; വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ധനുഷ്

Dhanush optimistic with Vijay's Master release in theatres

വിജയ് ചിത്രം ‘മാസ്റ്റർ’ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനുള്ള വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ധനുഷ്. സിനിമയെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും ഇതൊരു വലിയ വാർത്തയാണെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിരികെ വന്നാൽ അത് തിയറ്റർ വ്യവസായത്തിന് ​ഗുണകരമാകുമെന്നും ധനുഷ് കുറിച്ചു. തിയറ്ററുകളിൽ പോകുമ്പോൾ എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ജനുവരി 13ന് പൊങ്കൽ റിലീസ് ആയാണ് മാസ്റ്റർ തിയറ്ററുകളിലെത്തുക. റിലീസിനു മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രിയെ വിജയ് സന്ദർശിച്ചിരുന്നു. നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. മാളവിക മോഹനൻ ആണ് നായിക. ആൻഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസർ, അർജുൻ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രം നിർമ്മിക്കുന്നത്. 

content highlights: Dhanush optimistic with Vijay’s Master release in theatres