രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആകെ മരണം ഒന്നേകാല്‍ ലക്ഷത്തിനടുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,731 പേര്‍ക്ക് കൂടി പുതിയതായി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 73,70,469 ആയി ഉയര്‍ന്നു. പ്രതിദിന നിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

8,04,528 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്താമാക്കി. 895 മരണമാണ് ഇന്നലെ മാത്രം കൊവിഡ് ബാധയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,12,161 ആയി.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. കേരളം മൂന്നാം സ്ഥാനത്താണ്. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 8,000ത്തിലധികം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, രാജ്യത്ത് നിലവില്‍ രേഖപ്പെടുത്തുന്ന കൊവിഡ് കേസുകള്‍ ഉത്സവ കാലം അടുക്കുന്നതോടെ കൂടുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ സ്വന്തം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കണമെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ നല്‍കിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നല്‍കിയിട്ടുണ്ട്.

Content Highlight: Covid Cases in India Crosses 73 lakhs