സംവരണ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു; സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സംവരണം സംബന്ധിച്ച പുനഃപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍. പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണ രീതി പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ഹൈക്കോടതി ഒന്നരമാസം മുമ്പ് പുനഃപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്താന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 62 വര്‍ഷം മുമ്പ് നിശ്ചയിച്ച സംവരണ രീതിയാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നത്.

സംവരണത്തില്‍ പുനരവലോകനം നടക്കാത്തത് മൂലം മുസ്ലിംകള്‍ ഉള്‍പ്പെടെയുളള ഇന്ത്യയിലെ 73 പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാകുന്നില്ലെന്ന് വിവിധ ന്യൂനപക്ഷ കമ്മീഷനുകള്‍ വ്യക്തമാക്കിയിരുന്നു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണ രീതിയില്‍ പുനഃപരിശോധന നടത്തണമെന്ന് 1992ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി പ്രമുഖ അഭിഭാഷകനും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ. വി.കെ ബീരാന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഒന്നര മാസമായിട്ടും സര്‍വേ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. സെപ്റ്റംബര്‍ 8ന് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശത്തില്‍ ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

Content Highlight: Reservation review report delayed