തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി വനിത നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായ ഇമാർതി ദേവിയെ ഐറ്റം എന്ന് വിശേഷിപ്പിച്ച കമൽനാഥിൻ്റെ പരാമർശമാണ് പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചത്. ദാബ്രയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമൽനാഥിൻ്റെ പരാമർശം.
ഞാൻ എതിർ സ്ഥാനാർത്ഥിയുടെ പേര് പറയേണ്ട ആവശ്യമില്ലല്ലോ. എന്നേക്കാൾ നന്നായിട്ട് നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണത്. എന്നായിരുന്നു കമൽനാഥിൻ്റെ പരാമർശം. പ്രസ്താവന വിവാദമായതോടെ നിരവധി പേർ കമൽനാഥിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധമായ പരാമർശമാണ് കമൽനാഥ് നടത്തിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പറഞ്ഞു.
ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചതുകൊണ്ടാണോ ഇത്തരം പരാമർശങ്ങൾ തനിക്കെതിരെ നടത്തുന്നതെന്ന് ഇമാർതി പ്രതികരിച്ചു. സ്ത്രീകൾക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഇവർ എങ്ങനെ പൊതുധാരയിലേക്ക് എത്തുമെന്നും ദേവി ചോദിച്ചു. കമൽനാഥിനെതിരെ ബി.ജെ.പി വക്താക്കൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
content highlights: Kamal Nath’s “Item” Dig At BJP Woman Candidate Triggers Outrage