‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം റിപ്പബ്ലിക്ക് ടിവിയ്ക്കു തന്നെ; ടെെംസ് ഗ്രൂപ്പിൻ്റെ ആവശ്യം കോടതി തള്ളി

Delhi High Court Restrains Republic TV From Using Trademark

റിപ്പബ്ലിക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെ പ്രശസ്തമായ ‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം ഉപയോഗിക്കുന്നതിൽ നിന്ന് റിപ്പബ്ലിക് ചാനലിനെ വിലക്കണമെന്ന ടൈംസ് ഗ്രൂപ്പിൻ്റെ ആവശ്യം ഡൽഹി ഹെെക്കോടതി അംഗീകരിച്ചില്ല. ഈ പ്രയോഗം തങ്ങളുടെ പരിപാടികളിൽ റിപ്പബ്ലിക് ടിവിക്ക് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. അതേ സമയം ടെെംസ് ചാനലിൻ്റെ ന്യൂസ് അവർ എന്ന പരിപാടിയുടെ ടാഗ് ലെെൻ ഉപയോഗിക്കുന്നതിൽ നിന്ന് റിപ്പബ്ലിക് ടിവിയേയും വിലക്കിയിട്ടുണ്ട്.

റിപ്പബ്ലിക്‌ ടിവി ആരംഭിക്കുന്നതിന് മുമ്പ് ടെെംസ് നൌവിൽ ജോലി ചെയ്തിരുന്ന അർണബ് ഗോസ്വാമിയുടെ ‘ന്യൂസ് അവർ’ പരിപാടിയിലൂടെയാണ് നേഷൻ വാണ്ട്സ് ടു നോ എന്ന പ്രയോഗം പ്രശസ്തമായത്. പിന്നീട് ടെെംസ് നൌ വിട്ട് പുതിയ ചാനൽ ആരംഭിച്ച വർഷം തന്നെ നേഷന്‍ വാണ്ട്‌സ് ടു നോ പ്രയോഗം തങ്ങളുടെ ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ണബ് ഗോസ്വാമി അപേക്ഷ നല്‍കിയിരുന്നു. ഇതറിഞ്ഞ ബിസിസിഎൽ തങ്ങളാണ് ഇക്കാര്യത്തിൽ ആദ്യം അപേക്ഷ നൽകിയതെന്ന് പറഞ്ഞ് ഈ അവകാശവാദത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അർണബിന് നോട്ടീസ് അയച്ചിരുന്നു.

എന്നാൽ തന്നെ ഭീഷണിപ്പെടുത്താനാണ് ലീഗൽ നോട്ടീസ് അയച്ചതെന്നും അവർ തന്നെ തടവിലാക്കട്ടെ എന്നുമാണ് അർണബ് പ്രതികരിച്ചത്. കൂടാതെ ചാനൽ തുടങ്ങിയപ്പോൾ നേഷൻ വാണ്ട്സ് ടു നോ പ്രയോഗം റിപ്പബ്ലിക്ക് ടിവി തുടരുകയും ചെയ്തു. പിന്നാലെയാണ് ഈ പ്രയോഗം ഉപയോഗിക്കുന്നതിൽ നിന്ന് അർണബിനേയും റിപ്പബ്ലിക് ഗ്രൂപ്പിനേയും തടയണമെന്ന് ആവശ്യപ്പെട്ട് ടെെംസ് ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. 

content highlights: Delhi High Court Restrains Republic TV From Using Trademark “News Hour”, Allows Using Tagline “Nation Wants To Know”