ഭുവനേശ്വര്‍: ബിഹാറിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന നിര്‍മല സിതാരാമന്റെ പ്രഖ്യാപനം വിവാദമായതിന് പിന്നാലെ രാജ്യത്തെ പൗരന്മാര്ക്കെല്ലാം സൗജന്യ കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ഉറപ്പു നല്കി കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിന് വിധേയമായതോടെയാണ് നിലപാട് തിരുത്തി കേന്ദ്രം രംഗത്ത് വന്നത്. ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര് പി സ്വെയിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യ വാക്സിന് ലഭ്യമാക്കാന്‍ ഓരോ വ്യക്തിക്കും 500 രൂപ വീതം ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബി.ജെ.പി. ബിഹാറില്‍ സൗജന്യമായി വാക്സിന് വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാടും, മധ്യപ്രദേശും അസമും പുതുച്ചേരിയും സൗജന്യ വാക്സിന് വിതരണം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മഹാമാരിയെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശം. ഒക്ടോബര്‍ 20ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രാധനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ബിഹാറില്‍ സൗജന്യ വാക്സിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സിതാരാമന് പറഞ്ഞത്.
Content Highlight: Union Minister declares free Covid Vaccine for all in India