ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക പ്രവര്‍ത്തന മേഖലകള്‍; ചൈനയ്ക്കും പാകിസ്താനും പ്രത്യേക കമാന്‍ഡുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് തിയറ്റര്‍ കമാന്‍ഡറുകള്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടേയും അമേരിക്കയുടെയും സൈന്യത്തിന് ഉള്ളതു പോലെ തന്നെ പ്രത്യേക ചുമതല നിര്‍വനഹിക്കുന്ന തിയറ്റര്‍ കമാന്‍ഡുകളാണ് ഇന്ത്യയിലും രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. സൈനിക മേധാവി വിപിന്‍ റാവത്തിനാണ് ഇത് സംബന്ധിച്ച ചുമതല.

പദ്ധതി യാഥാര്‍ത്ഥ്യമായി മാറുന്നതോടെ മൂന്നു സേനകളും തിയേറ്റര്‍ കമാന്‍ഡുകളുടെ കീഴിലായി മാറും. സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളായാണ് ഒരുക്കുന്നത്. യുദ്ധ സാഹചര്യങ്ങളില്‍ മൂന്ന് സേനകളുടെയും വിഭവ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് തിയറ്റര്‍ കമാന്‍ഡുകളായി ക്രമീകരിക്കുന്നത് അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം നയതന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനും നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതിനും കാര്യക്ഷമമായ സൈനിക വിന്യാസം നടത്തുന്നതിനും സേനയുടെ ചുമതലകള്‍ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നിഗമനം.

തിയറ്റര്‍ കമാന്‍ഡ് പ്രകാരം ചൈനയ്ക്കും പാകിസ്താനും പ്രത്യേക കമാന്‍ഡ് രൂപികരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയെ ഉദ്ദേശിച്ചുകൊണ്ടുള്ള വടക്കന്‍ കമാന്‍ഡും പാകിസ്താനെ ഉദ്ദേശിച്ചുകൊണ്ടുള്ള പടിഞ്ഞാറന്‍ കമാന്‍ഡും ഉണ്ടാകും. ലഡാക്കിലെ കാറക്കോറം പാസ്സ് മുതല്‍ അരുണാചല്‍ പ്രദേശിലെ കിബിതു വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരിക്കും വടക്കന്‍ കമാന്‍ഡ്. ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖ ഉള്‍പ്പെടുന്ന ഈ കമാന്‍ഡിന്റെ കേന്ദ്രം ലക്നൗ ആയിരിക്കും.

സിയാച്ചിനിലെ ഇന്ദിര കോള്‍ മുതല്‍ ഗുജറാത്ത് മുനമ്പ് വരെയായിരിക്കും പടിഞ്ഞാറന്‍ കമാന്‍ഡ്. ജയ്പുര്‍ ആയിരിക്കും ഇതിന്റെ തലസ്ഥാനം. മൂന്നാമത്തെ കമാന്‍ഡ് ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയിലായിരിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇതെന്നാണ് സൂചന. നാലാമത്തേത് വ്യോമ പ്രതിരോധ കമാന്‍ഡും അഞ്ചാമത്തേത് നാവിക കമാന്‍ഡും ആയിരിക്കും. 2022ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

Content Highlight: India to get 5 military theatre commands, one each for China and Pak