ചന്ദ്രോപരിതലത്തിൽ ജലത്തിൻ്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലുമായി നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി (സോഫിയ). ഇതാദ്യമായാണ് സോഫിയ ചന്ദ്രനിൽ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് കണ്ടെത്തുന്നത്. ഭൂമിയിൽ നിന്നും കാണാൻ കഴിയുന്ന ചന്ദ്രൻ്റെ ക്ലാവിയസ് ഗർത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രനിലെ തെക്കൻ അർധ ഗോളത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നാണ് ക്ലാവിയസ്. ചന്ദ്രോപരിതലത്തിലുടനീളം ജലത്തിൻ്റെ സാന്നിധ്യം കണ്ടേക്കാമെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ തണുത്തതും നിഴലുള്ളതുമായ സ്ഥലങ്ങളിൽ മാത്രമായിരിക്കില്ല ജലമുള്ളതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2009ൽ ചന്ദ്രനിൽ ജലസാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രനിൽ ജലസാന്നിധ്യം ഉണ്ടെന്നുള്ള കണ്ടെത്തൽ ചാന്ദ്ര ഗവേഷണ മേഖലയിൽ നിർണായകമാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. നേരത്തെ കരുതിയിരുന്നതിനേക്കാൾ കൂടുതൽ ജലം ചന്ദ്രോപരിതലത്തിൽ ഉണ്ടാകുമെന്നും ഐസിൻ്റെ സാന്നിധ്യം ഉണ്ടാകാമെന്നും നേച്ചർ അസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ പഠനങ്ങളിലൂടെ ചന്ദ്രൻ എവിടെയാണ് വെള്ളം സംഭരിച്ചുവെച്ചിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. മാറ്റം വരുത്തിയിറക്കിയ ബോയിങ് 747 എസ്പി ജെറ്റ്ലെെനറാണ് സോഫിയ. അത് ബ്ലാക് ഹോളുകൾ, ഗ്യാലക്സികൾ, സ്റ്റാർ ക്ലസ്റ്ററുകൾ തുടങ്ങിയവ നിരീക്ഷിക്കുന്നു.
content highlights: NASA’s flying SOFIA telescope confirms water in the Moon’s soil