ഇന്നു മുതൽ വാർ ഗെയിം ആയ പബ്ജി ഇന്ത്യയിൽ ഉള്ളവർക്ക് ലഭ്യമാകില്ല. സർക്കാർ നിരോധനം ഏർപ്പെടുത്തി രണ്ടു മാസങ്ങൾക്കുള്ളിലാണ് പബ്ജി പൂർണമായി ഇന്ത്യയിൽ നിരോധിക്കുന്നത്. ഒക്ടോബർ 30 മുതൽ ഇന്ത്യയിലുള്ളവർക്ക് ലഭ്യമാകില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഗൂഗിൽ പ്ലേ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തുവെങ്കിലും മുൻപ് ഇൻസ്റ്റാൾ ചെയ്തവർക്ക് ഫോണിലും ടാബിലും ഗെയിം കളിക്കാമായിരുന്നു. എന്നാൽ എല്ലാ സേവനങ്ങളും റദ്ദാക്കുന്നുവെന്ന് പബ്ജി മൊബെെൽ വ്യാഴാഴ്ച അറിയിച്ചു.
ചെെനീസ് സംഘർഷത്തിന് പിന്നാലെ സെപ്റ്റംബർ രണ്ടിനാണ് പബ്ജി ഉൾപ്പെടെയുള്ള നിരവധി ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങൾ പബ്ജി അടക്കമുള്ള ആപ്പുകൾക്കെതിരെ ഇന്ത്യ ഉന്നയിച്ചിരുന്നു.
എന്നാൽ പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഭാരതി എയർടെല്ലുമായി സഹകരിച്ച് പബ്ജി മൊബെെൽ ഗെയിം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇന്നലെയോടെയാണ് പബ്ജി പൂർണമായി നീക്കം ചെയ്യുന്നുവെന്ന വിവരം കമ്പനി അധികൃതർ അറിയിച്ചത്.
content highlights: Curtains down on PUBG Mobile in India with server shut down