മഹാത്മാഗാന്ധിയെ പാക്കിസ്താൻ്റെ പിതാവെന്ന് വിശേഷിപ്പിച്ച മുൻ മധ്യപ്രദേശ് ഐടി സെൽ മേധാവിയായ അനിൽ കുമാർ സുമിത്രയെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ പ്രോഫസറായി നിയമിച്ചു. മഹാത്മാഗാന്ധിക്കെതിരെയുള്ള പരാമർശത്തിൻ്റെ പേരിൽ 2019 മെയ് മാസത്തിൽ ബിജെപി പ്രഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ആളാണ് അനിൽ കുമാർ സുമിത്ര.
അനിൽ കുമാർ സുമിത്രയുടെ നിയമനം ഐഐഎംസി സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 26ന് പ്രൊഫസറായി ഇദ്ദേഹത്തെ നിയമിച്ചു എന്നാണ് ഐഐഎംസി പറയുന്നത്. 60 ഓളം അപേക്ഷകരിൽ നിന്നും അഭിമുഖം നടത്തിയ ശേഷമാണ് നിയമനം. ചുമതലയേൽക്കുന്ന ദിവസം മുതൽ രണ്ടുവർഷത്തെ പ്രൊബേഷൻ കാലയളവിൽ ആയിരിക്കുമെന്നും ഐഐഎംസി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മാസ് കമ്യൂണിക്കേഷൻ ഇൻസ്റ്റിട്ട്യൂട്ടിലാണ് രാഷ്ട്രപിതാവിനെ ആക്ഷേപിച്ച വ്യക്തിയ്ക്ക് നിയമനം നൽകിയിരിക്കുന്നത്.
ഗാന്ധി അധിക്ഷേപത്തിന് മുമ്പും അച്ചടക്ക ലംഘനത്തിൻ്റെ പേരിൽ പാർട്ടിയുമായി ബന്ധപ്പെട്ട തസ്തികയിൽ അനിൽ കുമാർ സുമിത്ര നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 2013ൽ മധ്യപ്രദേശിലെ ബിജെപിയുടെ മുഖപത്രമായ ചരെെവേതിയുടെ പത്രാധിപരായിരുന്ന സമയത്ത് കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളെ ലെെംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് ‘ചർച്ച് കെ നാർക്ക് മി നൺ കാ ജീവൻ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നടപടികൾ നേരിട്ടിട്ടുണ്ട്.
content highlights: IIMC’s new prof was sacked by BJP for calling Mahatma ‘father of Pakistan’