ആർഎസ്എസ് നേതാവും തമിഴ് മാഗസിൻ തുഗ്ലക്കിൻ്റെ എഡിറ്ററുമായ എസ് ഗുരുമൂർത്തിയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വെെകുന്നേരം പോയസ് ഗാർഡനിലെ വസതിയിൽ വച്ച് രണ്ടു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ഉടൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുവഴി രജനികാന്തിൻ്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയായിരിക്കുകയാണ്. കൂടികാഴ്ചയിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരുവരുടേയും കൂടിക്കാഴ്ച ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രജനീകാന്തിന് രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ടെന്നും ബിജെപിയുമായി സംഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ഗുരുമൂർത്തി നേരത്തെ പറഞ്ഞിരുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിനാൽ കൊവിഡ് സമയത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്ന് കുറച്ചുനാൾ മുമ്പ് രജനീകാന്ത് അറിയിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്കിറങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രജനി മക്കൾ മൻട്രം ഭാരവാഹികളുമായി ചർച്ച ചെയ്യുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു. നവംബറിൽ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം രജനികാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാനത്ത് പലയിടത്തും പോസ്റ്റർ പ്രത്യക്ഷപ്പെടുകയും ചെയ്തു.
content highlights: S Gurumurthy meeting Rajinikanth triggers political speculations in Tamil Nadu