മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയ റിപ്പബ്ലിക് ടിവി പ്രതിമാസം ചെലവഴിച്ചത് 15 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ ഒരു കേബിള്‍ ഓപ്പറേറ്റര്‍ വഴിയാണ് റേറ്റിങ് കൂട്ടാന്‍ ഉപയോഗിക്കുന്ന ബാരോമീറ്ററുകള്‍ സ്ഥാപിച്ച വീടുകളില്‍ വിതരണം ചെയ്യാന്‍ തുകയെത്തിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. താനെയിലെ കേബിള്‍ ഓപ്പറേറ്റര്‍ ഇത് സംബന്ധിച്ച് കുറ്റസമ്മതം നടത്തിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു.
താനെയിലെ ക്രിസ്റ്റല്‍ ബ്രോഡ്കാസ്റ്റിന്റെ ഉടമസ്ഥനായ കേബിള്‍ ഓപ്പറേറ്റര്‍ ആശിഷ് ചൗധരിയാണ് റേറ്റിംങ് തട്ടിപ്പ് നടന്നതായി കുറ്റസമ്മതം നടത്തിയത്. ഇയാളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ആവശ്യപ്പെട്ട് മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഹവാല ഇടപാടുകളില്‍ നിന്ന് ഇയാള്‍ക്ക് പണം ലഭിച്ചതായും മാപ്പു സാക്ഷിയാകാന്‍ ഇയാള്‍ തയാറാണെന്ന് അറിയിച്ചതായും ക്രൈംബ്രാഞ്ച് പറഞ്ഞു. രണ്ടാമത്തെ വ്യക്തിയാണ് മാപ്പ് സാക്ഷിയാകാന്‍ തയാറായി രംഗത്തെത്തുന്നത്. ഇതിന് മുമ്പ് കേസില്‍ പിടിയിലായ ഉമേഷ് മിശ്രയും മാപ്പു സാക്ഷിയാകാന്‍ സമ്മതിക്കുകയായിരുന്നു.
അതേസമയം, ചൗധരിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് താനെയിലെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രണ്ടുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ആശിഷ് ചൗധരിയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയ അഭിഷേക് കൊലവാഡയുടെ വീട്ടില്‍ നിന്ന് 11.7 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. അഭിഷേകിന് എല്ലാ മാസവും ചൗധരിയില്‍ നിന്ന് 15 ലക്ഷം രൂപ ലഭിക്കാറുണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പണത്തിന് പുറമെ ഇരുവരുടേയും ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Content Highlight: Republic TV paid 15 lakh every month for boosting TRP