ഹിന്ദുധ്രുവീകരണം ലക്ഷ്യം വെച്ചുള്ള  ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ

No permission for BJP's Vel Yatra, Tamil Nadu govt informs Madras high court

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്നാട്ടിൽ സംഘടിപ്പിക്കാനിരുന്ന വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എ.ഐ.ഡി.എം.കെ സർക്കാർ. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ നടപടി. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് വെട്രിവേൽ യാത്ര സംഘടിപ്പിക്കാൻ ബിജെപി തമിഴ്നാട് ഘടകം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റാലി അനുവദിക്കില്ലെന്ന് സർക്കാർ മദ്രാസ് ഹെെക്കോടതിയെ അറിയിച്ചു. 

ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ടാണ് ഹിന്ദുക്കൾ വിശ്വസിക്കുന്ന മുരുകനെ ഉയർത്തിക്കാട്ടി വെട്രിമേൽ യാത്ര നടത്താൻ ബിജെപി തീരുമാനിച്ചത്. മുരുകനേയും വേലിനേയും സംരക്ഷിക്കാനാണ് യാത്രയെന്നാണ് ബിജെപി പറഞ്ഞിരുന്നത്. മുരുകനെ സംരക്ഷിക്കാൻ ഹിന്ദു സമൂഹം ഒന്നിച്ച് നിൽക്കണമെന്നും ബിജെപി തമിഴ്നാട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പഴനി, സ്വാമി, മല, പഴമുതിർചോലെെ തുടങ്ങി ആറ് മുരുക ക്ഷേത്രങ്ങളിലൂടെ പോകുന്ന രീതിയിലാണ് വെട്രിവേൽ യാത്ര സംഘടിപ്പിച്ചിരുന്നത്.

എന്നാൽ ബാബറി മസ്ജിദ് തകർത്ത ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന രീതിയിൽ യാത്ര നടത്താൻ തീരുമാനിച്ചത് സാമുദായിക പ്രശ്നങ്ങൾ ഉണ്ടാക്കാനാണെന്ന് മദ്രാസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നേരത്തെ തന്നെ യാത്രയ്ക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ, സി.പി.എം, വിടുതലെെ ശിറുതെെകൾ തുടങ്ങിയ പാർട്ടികൾ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. യാത്ര കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും വിമർശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ നടപടി.  

content highlights: No permission for BJP’s Vel Yatra, Tamil Nadu govt informs Madras high court