കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നിരോധിച്ച വെട്രിവേൽ യാത്ര എന്തു പ്രശ്നം സംഭവിച്ചാലും നടത്തുമെന്ന് തമിഴ്നാട് ബിജെപി ഘടകം അറിയിച്ചു. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് വെട്രിവേൽ യാത്ര സംഘടിപ്പിക്കാൻ ബിജെപി തമിഴ്നാട് ഘടകം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റാലി അനുവദിക്കില്ലെന്ന് സർക്കാർ മദ്രാസ് ഹെെക്കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് ബിജെപി പ്രതിഷേധം അറിയിച്ച് രംഗത്തുവന്നു. ഇന്ന് വെട്രിവേൽ യാത്ര തുടങ്ങാൻ തീരുമാനിച്ചിരുന്ന തിരുട്ടണി മുരുകൻ ക്ഷേത്രത്തിലേക്ക് ബിജെപി സംസ്ഥാന പ്രസിഡൻ്റ് എൽ. മുരുകനും മറ്റ് ബിജെപി നേതാക്കളും യാത്ര തിരിച്ചിരുന്നു. എന്നാൽ ചെന്നെെ തിരുവള്ളൂർ അതിർത്തിയിൽ വെച്ച് ഇവരെ പൊലീസ് തടയുകയും മുരുകനെ മാത്രം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുകയും ചെയ്തു. കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡിയും ക്ഷേത്രത്തിലേക്ക് എത്തിചേർന്നിരുന്നു. ആരാധന നടത്തുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും എൽ മുരുകൻ പറഞ്ഞു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി നിന്ന് സഖ്യം അവസാനിപ്പിച്ച എഐഎഡിഎംകെ ഇത് മൂന്നാം തവണയാണ് തമിഴ്നാട്ടിലെ ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് തടയിടുന്നത്.
ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ടാണ് ഹിന്ദുക്കൾ വിശ്വസിക്കുന്ന മുരുകനെ ഉയർത്തിക്കാട്ടി വെട്രിമേൽ യാത്ര നടത്താൻ ബിജെപി തീരുമാനിച്ചത്. മുരുകനേയും വേലിനേയും സംരക്ഷിക്കാനാണ് യാത്രയെന്നാണ് ബിജെപി പറഞ്ഞിരുന്നത്. മുരുകനെ സംരക്ഷിക്കാൻ ഹിന്ദു സമൂഹം ഒന്നിച്ച് നിൽക്കണമെന്നും ബിജെപി തമിഴ്നാട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പഴനി, സ്വാമി, മല, പഴമുതിർചോലെെ തുടങ്ങി ആറ് മുരുക ക്ഷേത്രങ്ങളിലൂടെ പോകുന്ന രീതിയിലാണ് വെട്രിവേൽ യാത്ര സംഘടിപ്പിച്ചിരുന്നത്.
എന്നാൽ ബാബറി മസ്ജിദ് തകർത്ത ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന രീതിയിൽ യാത്ര നടത്താൻ തീരുമാനിച്ചത് സാമുദായിക പ്രശ്നങ്ങൾ ഉണ്ടാക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു. നേരത്തെ തന്നെ യാത്രയ്ക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ, സി.പി.എം, വിടുതലെെ ശിറുതെെകൾ തുടങ്ങിയ പാർട്ടികൾ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. യാത്ര കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും വിമർശനമുണ്ടായിരുന്നു.
content highlights: BJP Dares Tamil Nadu Government, To Hold Vel Yatra Without Permission