വിദേശികൾ വഴിയുള്ള കൊവിഡ് വ്യാപനം വർധിക്കുന്നു; ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപെടുത്തി ചൈന

china bans entry of flyers from india

വിദേശികൾ വഴിയുള്ള കൊവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപെടുത്തി ചൈന. ഇന്ത്യ, ബ്രിട്ടൺ,. ബെൽജിയം, ഫിലീപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപെടുത്തിയത്. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി വുഹാൻ ഫ്ലൈറ്റുകൾ ഇന്നടക്കം നാല്‌ ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലുളള ഒരു താത്കാലിക തീരുമാനമാണ് ഗവണ്മന്റ് കൈക്കോണ്ട നടപടിയെന്നാണ് ചൈനയുടെ വിദേശ കാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഒക്ടോബർ 30 ന് ചെെനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ 23 യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 19 ഓളം ആളുകൾക്ക് ലക്ഷണം ഉണ്ടായിരുന്നില്ല. രോഗ ലക്ഷണങ്ങളുള്ള ആറ് വയസ്സുകാരൻ ഉൾപെടെ നാലു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

വിലക്ക് ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ ചൈനീസ് ഗവണ്മെന്റിന്റെ ഒരു സ്വഭാവിക നടപടിയായിട്ടാണ് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങളും ഇതിനെ കാണുന്നത്. ചൈനയുടെ തീരുമാനം താത്കാലികമാണെന്നും ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും തിരിച്ചുമുള്ള ആവശ്യ സർവീസുകൾ പെട്ടെന്നു തന്നെ സാധ്യമാക്കാനുള്ള ചർച്ചകൾ ചൈനയുമായി നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

Content Highlights; china bans entry of flyers from india