മെക്‌സിക്കോ: കുടിയേറ്റക്കാരായ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും കാര്യത്തില്‍ ചരിത്രപരമായ തീരുമാനമെടുത്ത് മെക്‌സിക്കോ. കുടിയേറി മെക്‌സിക്കോയിലെത്തിയ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തടങ്കല്‍ കേന്ദരങ്ങളില്‍ താമസിപ്പിക്കേണ്ടതില്ലെന്നതാണ് നിലവിലെ തീരുമാനം. മെകസിക്കോയിലെ ഫാമിലി ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലാണ് ഇനി ഇവര്‍ക്ക് അഭയം.
മനുഷ്യവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഒരു പരിധി വരെ ഭേദഗതിയിലേക്ക് മെക്‌സിക്കോയെ നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിഷ്‌കരണം വന്നതോടെ കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് മെക്‌സിക്കോയില്‍ താല്‍ക്കാലിക നിയമപരമായ പദവി നല്‍കുകയും അവരെ ഉടനടി നാടുകടത്തുന്നത് ഒഴിവാക്കുകയും ചെയ്യും. ഒപ്പം തന്നെ രാജ്യത്ത് താമസിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് സമയം അനുവദിക്കുന്നതിനും പുതിയ ഭേദഗതി കാരണമാകും.
അടുത്തിടെ മെക്‌സിക്കോയിലേക്കുള്ള കുടിയേറ്റം വന്‍ തോതില്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. 2019 ല്‍ മാത്രം 12,000 കുട്ടികള്‍ തനിച്ചും, 40,000 കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പവും തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കപ്പെട്ടതായാണ് സര്‍ക്കാര്‍ തലത്തിലുള്ള കണക്ക്. എന്നാല്‍ മുന്നേറ്റത്തെ എതിര്‍ക്കുകയാണ് തടങ്കല്‍ കേന്ദ്രങ്ങള്‍ നടത്തുന്ന മെക്‌സിക്കോയിലെ ഇമിഗ്രേഷന്‍ ഏജന്‍സി. കൂടുതല്‍ കുട്ടികള്‍ നിയമ പരിഷ്‌കരണം മൂലം അഭയം തേടി മെക്‌സിക്കോയിലെത്തുമെന്നാണ് ഇവരുടെ നിലപാട്. കുട്ടികളെ ഉടനടി നാട് കടത്താനാവില്ലെന്നതും എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
അതേസമയം, ചരിത്രപരമായ മുന്നേറ്റമെന്നാണ് ഐക്യരാഷ്ട്രസഭ പരിഷ്‌കരണത്തെ വിശേഷിപ്പിച്ചത്. കുടിയേറ്റക്കാരായ കുട്ടികളോട് മെക്‌സിക്കോയ്ക്ക് കൂടുതല്‍ പുരോഗമന നയമുണ്ടെന്നതിന്റെ തെളിവായാണ് പരിഷ്‌കരണം ചൂണ്ടികാട്ടപ്പെടുന്നത്.
Content Highlight: Mexico will stop holding migrant children in detention, wins praise from U.N.