ഒരു കാലത്ത് മുംബെെയെ നടുക്കിയ സീരിയൽ കില്ലർ രമൺ രാഘവിനെ പിടികൂടിയ പൊലീസ് ഓഫീസർ റിട്ടയർഡ് അസിസ്റ്റൻ്റ് കമ്മീഷണർ അലക്സ് ഫിയാൽഹോ (92) അന്തരിച്ചു. മുംബെെയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1960കളിൽ ആളുകളെ കൊലപ്പെടുത്തികൊണ്ടിരുന്ന രമൺ രാഘവ് എന്ന കൊലയാളിയെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരുന്നത് അലക്സ് ഫിയാൽഹോ അടങ്ങുന്ന സംഘത്തിനായിരുന്നു. 40 ലേറെ ആളുകളെയാണ് രമൺ രാഘവ് കൊലപ്പെടുത്തിയത്. ഉറക്കത്തിനിടെ തലക്കടിച്ച് കൊല്ലുന്ന രീതിയായിരുന്നു രമൺ രാഘവിന്.
കൊലപാതകങ്ങൾ വർധിച്ചതോടെ ഇൻസ്പെക്ടർ വിനായക് റാവൂവിൻ്റെ നേതൃത്വത്തിൽ കേസ് അന്വേഷണം ഊർജ്ജിതമാക്കി. ആ സംഘത്തിൽ അംഗമായിരുന്ന സബ് ഇൻസ്പെക്ടർ അലക്സ് ഫിയാൽഹോ രമൺ രാഘവിൻ്റെ ചിത്രം എപ്പോഴും പേഴ്സിൽ സൂക്ഷിച്ചിരുന്നു. ഓഗസ്റ്റ് 24ന് ദോങ്ക്രിയിൽ നനഞ്ഞ കുടയുമായി വെയിലത്ത് നിൽക്കുന്ന രമൺ രാഘവിനെ കണ്ട അലക്സ് അടുത്തേക്ക് ചെല്ലുകയായിരുന്നു. ഇയാളെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ മലദിൽ നിന്നുമാണ് വരുന്നതെന്ന് രമൺ രാഘവ് മറുപടി പറഞ്ഞു. പ്രതി മലദിൽ ഉണ്ടെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചതുകൊണ്ടുതന്നെ ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതോടെ അലക്സ് ഫിയാൽദോയുടെ കരിയറിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. രമണിനെ പിടികൂടിയതിന് പ്രസിഡൻ്റിൻ്റെ കെെയ്യിൽ നിന്ന് മെഡലും ലഭിച്ചിട്ടുണ്ട്.
2016ൽ അനുരാഗ് കശ്യപ് ഈ സംഭവവുമായി ബന്ധപ്പെട്ട് നവാസുദ്ദീൻ സീദ്ദിഖിനെ മുഖ്യ കഥാപാത്രമാക്കി രമൺ രാഘവ് 2.0 ചെയ്തിരുന്നു. ചിത്രത്തിന് ശേഷം യഥാര്‍ത്ഥ സംഭവം വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മാധ്യമങ്ങള്‍ക്ക് ഫിയാല്‍ഹോ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.
content highlights: Mumbai policeman who nabbed big-ticket serial killer Raman Raghav dies