ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായി; ദീപാവലി വ്യാപാരത്തില്‍ രാജ്യത്തിന് നേട്ടം

മുംബൈ: ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് നിരോധിച്ചതോടെ നേട്ടം കൊയ്തത് ചെറുകിട വ്യാപാരികള്‍. ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

ലഖ്നൗ, നാഗ്പുര്‍, അഹമ്മദാബാദ്, ജമ്മു, ജയ്പുര്‍ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ ഇരുപത് നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി രാജ്യത്ത് ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന മൊത്ത വില്‍പ്പനയുടെ കണക്ക് ശേഖരിച്ചത്. ദീപാവലിക്കാലത്ത നേരിയ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൊവിഡ് കാലത്ത് സാമ്പത്തിക വളര്‍ച്ച നിരക്ക് മന്ദഗതിയില്‍ തുടരുന്ന രാജ്യത്ത് സാമ്പത്തിക മാന്ദ്യം വീണ്ടും ഗുരുതരമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം.

അതേസമയം, ഡല്‍ഹി, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, രാജസ്ഥാന്‍ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേയും വില്‍പന നിരോധനം പടക്കവ്യാപാരികള്‍ക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പൂജാവസ്തുക്കള്‍ തുടങ്ങിയവയുടെ റെക്കോഡ് വില്‍പനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.

ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ് സിഎഐടി. ചെറുCകിട വ്യാപാരികളുടേയും തൊഴില്‍ സംരംഭങ്ങളുടേയും മുന്‍കിട വക്താവ് കൂടിയാണ് സംഘടന. ഡിസംബറോടെ ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടിയും സംഘടന ആരംഘിച്ചു കഴിഞ്ഞു.

Content Highlight: Goods Worth ₹ 72,000 Crore Sold, Sales Up 10.8% During Diwali Season Says Traders’ Body