തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഏത് സ്റ്റേഷനില്‍ വിവരം ലഭിച്ചാലും ആ സ്റ്റേഷനില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം. തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് പറഞ്ഞ് പരാതിക്കാരെ തിരിച്ചയച്ചാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ വിവരം ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതാത് സ്റ്റേഷന്‍ പരിധിയിലേക്ക് കൈമാറാമെന്നും ഡിജിപി അറിയിച്ചു.
ലൈംഗികാതിക്രമ കേസുകളില്‍ പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുമ്പോള്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് നല്‍കുന്ന ലൈംഗികാതിക്രമ തെളിവു ശേഖരണ കിറ്റ് ഉപയോഗിച്ച് മാത്രമേ നടത്താവൂ എന്നും പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഫോറന്‍സിക് തെളിവുകള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫൊറന്‍സിക് സയന്‍സ് സര്‍വീസ് ഡയറക്ടറേറ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വേണമെന്നും ഡിജിപി അറിയിച്ചു.
സ്ത്രീകളുടെ മൊഴി എടുക്കുമ്പോള്‍ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കണം. മാനഭംഗക്കേസുകളില്‍ അന്വേഷമം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഇന്ത്യന്‍ ശിഷ്യ നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിങ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനവും പ്രയോജനപ്പെടു്തതാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
ഇത്തരം കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യ പരിശോധന നടത്തണമെന്നും ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍ അവരില്‍നിന്ന് രേഖപ്പെടുത്തിയ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണത്താലോ മൊഴിയെടുക്കുന്ന സമയത്ത് മറ്റാഇല്ലാതിരുന്നെന്ന കാരണത്താലോ ഒഴിവാക്കാന്‍ പാടില്ലെന്നും ഡിജിപി അറിയിച്ചു. ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
Content Highlight: Police should registered FIR in the Station where complaint received in Violence against women