പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ച് വിജിലന്‍സ്. രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുമാണ് ചോദ്യം ചെയ്യാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി അനുവദിച്ചിരിക്കുന്ന സമയം. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ കാര്യങ്ങള്‍ പരിഗണിച്ചാണ് സമയ ക്രമീകരണം. പാലാരിവട്ടം പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹം കുഞ്ഞ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപചത്രിയിലെത്തിയാണ് സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന്റെ ഓരോ മണിക്കൂറിലും 15 മിനിറ്റ് നേരത്തെ വിശ്രമം അനുവദിക്കാനും കോടതി നിര്‍ദ്ദേശമുണ്ട്. ചികിത്സയില്‍ തുടരുന്നതിനാല്‍ ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടിക്കരുതെന്നും വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. അര്‍ബുദബാധിതനായ ഇബ്രാഹിംകുഞ്ഞിന് നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികിത്സയ്ക്ക് തുല്യമായ ചികിത്സ നല്‍കാന്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തെ ചികിത്സിക്കുന്നത്.

Content Highlight: Vigilance starts interrogation with V K Ebrahimkunju