ചൈനയിലേക്ക് അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ; ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നത് ഇതാദ്യം

മുംബൈ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ വ്യാപാര ബന്ധത്തിന് കൈകോര്‍ത്ത് ഇന്ത്യയും ചൈനയും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് ചൈന എത്തിയിരിക്കുന്നത്. ചൈനയില്‍ വിതരണം കര്‍ശനമാക്കിയതും ഇന്ത്യയില്‍ അരിക്ക് വില കുറഞ്ഞതുമാണ് ഇറക്കുമതിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടണ്ണിന് 300 ഡോളര്‍ വിലയില്‍ ഒരു ലക്ഷം ടണ്‍ അരിയാണ് ആദ്യ ഘട്ടത്തില്‍ ചൈന ഇന്ത്യയില്‍ നിന്ന് വാങ്ങുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയും. എ്‌നാല്‍ ഗുണ നിലവാരം ചൂണ്ടികാട്ടി ഇന്ത്യയില്‍ നിന്ന് ചൈന ഇതേവരെ അരി വാങ്ങിയിരുന്നില്ല.

ഇന്ത്യന്‍ അരിയുടെ ഗുണ നിലവാരം നിലവില്‍ മെച്ചപ്പെട്ടതോടെയാണ് അരി ഇറക്കുമതി ആരംഭിക്കാനായതെന്നാണ് റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. തായ്ലന്‍ഡ്, വിയറ്റ്നാം, മ്യാന്മര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ചൈന പതിവായി അരി ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യയിലെ അരിയുടെ ഗുണ നിലവാരം മെച്ചപ്പെട്ടതോടെ അടുത്ത വര്‍ഷം കയറ്റുമതി വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്‍.

Content Highlight: China agreed to export rice from India for the first time