ബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി എം.പിയായ സൗമിത്ര ഖാൻ്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാനാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി അവരെ സ്വാഗതം ചെയ്തു. പാര്‍ട്ടി വിട്ട സുജാത മൊണ്ഡല്‍ ഖാനെതിരേ ഭര്‍ത്താവും ബിജെപി എംപിയുമായ സൗമിത്ര ഖാന്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയില്‍ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സുജാത പറഞ്ഞു. ‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എൻ്റെ പ്രിയപ്പെട്ട ദീദിയുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് മുന്‍ അധ്യാപക കൂടിയായ സുജാത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പുതുതായി വന്ന ആളുകള്‍ക്കും കഴിവില്ലാത്തവര്‍ക്കും അഴിമതി നിറഞ്ഞ നേതാക്കള്‍ക്കുമാണ് ബിജെപിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
2014ല്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് സൗമിത്ര ഖാന്‍ വിജയിച്ചത് ഭാര്യയുടെ പിന്തുണയോടെയായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. ഇയാള്‍ക്ക് വേണ്ടി സുജാത മൊണ്ഡലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. ഭർത്താവിനെ ലോക്സഭയിലെത്തിക്കാൻ അക്രമങ്ങൾക്ക് പോലും ഇരയാകേണ്ടി വന്നു. എന്നാൽ തിരിച്ചൊന്നും ലഭിച്ചില്ല. ഭർത്താവ് എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെന്നും ഒരു ദിവസം യാഥാർഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ എത്തുമെന്നും അവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ നിലമെച്ചപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമത്തിനിടെയാണ് സുജാത പാര്‍ട്ടി വിടുന്നത്.
content highlights: “Relationship Over”: BJP MP Says Will Divorce Wife Who Joined Trinamool